നവോത്ഥാനം

Saturday, 28 December 2019

ഡോ. ആൻ്റണി കല്ലമ്പള്ളി മറ്റൊരു പ്രൊഫ T J ജോസഫാകുമോ!

ജോര്‍ജ് ജോസഫ് കാട്ടേക്കര

1990-ൽ ആണ് ആൻ്റണി കല്ലമ്പള്ളി മേലുകാവ് കോളെജിൽ അധ്യാപകനായി ചേരുന്നത്. വെറും 8%വിജയമുണ്ടായിരുന്ന Commerce batchൽ അദ്ദേഹം വ്യക്തിപരമായ താൽപര്യമെടുത്തതിൻ്റെ ഫലമായി, വർഷങ്ങളായി 100%വിജയം കൈവരിച്ചിരിക്കുകയാണ് കോളെജ്. അങ്ങനെയിരിക്കെ, 2011ൽ പ്രൊഫ. എബ്രാഹം ഡാനിയേലും തുടർന്ന് 2014ൽ ഭാര്യ മറിയാമ്മയും പ്രിൻസിപ്പൽമാരായി. അക്കാലത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിനായി 45ലക്ഷം രൂപ UGCൽനിന്നും 2014ൽ കോളെജിന് ലഭിച്ചെങ്കിലും അത് ബിഷപ്പ് ഡാനിയേൽ അടിച്ചുമാറ്റി. മറ്റൊരു കോളെജിൻ്റെ (പാലാ സെൻ്റ് തോമസ്) പിച്ചും ഗ്രൗണ്ടും പടമെടുത്തു കൊടുത്ത് റെക്കോർഡുണ്ടാക്കി. എന്നാൽ UGC ഇൻസ്പെക്ഷൻ ടീം തട്ടിപ്പ് കണ്ടുപിടിച്ച് ഫണ്ട് തിരിച്ചടയ്ക്കാൻ നിർദ്ദേശിച്ചു. 2016ൽ തിരിമറിക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ പ്രൊഫ. മറിയാമ്മ റിട്ടയറായി. അതെത്തുടർന്ന് മാനേജ്മെൻ്റിന് വിനീതവിധേയനും താൽപര്യമുള്ളയാളും സീനിയറുമെന്ന നിലയിൽ  ഡോ. ആൻ്റണി സാറിനോട് പ്രിൻസിപ്പൽ ആകാൻ ബിഷ. ഡാനിയേൽ ആവശ്യപ്പെട്ടു. (മറ്റൊരു സ്ഥാനമോഹി ഉണ്ടായിരുന്നെങ്കിലും മാനേജമെൻ്റിൻ്റെ ബ്ലാക്ക് ലിസ്റ്റിൽ പെട്ടതിനാൽ പരിഗണിച്ചതേയില്ല. മാനേജ്മെൻ്റ് വിരുദ്ധ ഗ്രൂപ്പിൽപ്പെട്ട അധ്യാപകർ ഊമക്കത്തുകളും പരാതികളുമായി ബിഷപ്പിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിൽ ബിഷപ്പും കൂട്ടരും അസ്വസ്ഥരായിരുന്നു.) 
എന്നാൽ, സ്വന്തം സാമ്പത്തിക ബാധ്യതയ്ക്കു പുറമെ കോളെജിൻ്റെ ബാധ്യതകൂടി തൻ്റെമേലാകുമോ എന്ന ഭയത്താൽ ആൻ്റണിസാർ വിസമ്മതിച്ചു. ഇത് ബിഷപ്പിൻ്റെ നീരസത്തിന് ഇടയാക്കി. കോളെജിൻ്റെ ശമ്പളവിതരണം തടസപ്പെടാതിരിക്കാനായി സാറിന് DDO ചാർജ് നൽകി. ആയിടെ ഫണ്ട് വകമാറ്റിയതിൽ വിശദീകരണമാവശ്യപ്പെട്ട് UGCൽനിന്ന് വീണ്ടും കത്തു വന്നു. ബിഷപ്പിനോട് കാര്യം പറഞ്ഞെങ്കിലും അത് താൻ കാര്യമാക്കണ്ടാന്ന് പറഞ്ഞ് അവഗണിച്ചു. പക്ഷെ, അത് തനിക്ക് കുഴപ്പമാകുമെന്ന് ഭയന്ന സാർ ക്ലർക്കിനെക്കൊണ്ട്, ഈ കാര്യം തൻ്റെ കാലത്തല്ലെന്നും മാനേജർക്കാണ് ഉത്തരവാദിത്തമെന്നും താൻ താൽക്കാലിക ചുമതലയിലാണെന്നും കാണിച്ച്, മെത്രാനറിയാതെ, മറുപടി അയപ്പിച്ചു. 

 പത്രപ്പരസ്യം നൽകി കണ്ടത്തിയ ഒരു പ്രിൻസിപ്പലിനെ, മൂന്നു മാസത്തിനു ശേഷം നിയമിച്ചു-മൂവാറ്റുപുഴ നിർമല കോളെജിലെ Prof. Dr. G.S  Gireesh! (അവർ ഒഴിവാക്കാനിരുന്ന ഒരു ഞരമ്പുരോഗി!) എന്നാൽ, നിയമന സമിതിയിൽ ഗവ.നൊമിനി ഇല്ലായിരുന്നു എന്ന കാരണത്താൽ ഡയറക്റ്ററേറ്റ് നിയമനം നിരസിച്ചു. ബിഷപ്പ് ഹൈക്കോടതിയിൽ പോയെങ്കിലും കോടതിയും കൈവിട്ടു. പക്ഷെ, കോടതിനിർദ്ദേശമനുസരിച്ച് ശമ്പളവിതരണം തടസപ്പെടാതിരിക്കാൻ വീണ്ടും ആൻ്റണി സാറിനെ DDOആയി നിയമിച്ചു. മൂന്നു മാസത്തിനീശേഷം സർക്കാരിൻ്റെ കാലുപിടിച്ച് നിയമനം അംഗീകരിപ്പിച്ചു. ഇതിനിടയിൽ ബില്ലെഴുതുന്നതുമായി ബന്ധപ്പെട്ട് ആൻ്റണിസാറിനെ കുറ്റപ്പെടുത്തിയ പ്രിൻസി. ഗിരീഷുമായി സാറ് വാഗ്വാദമുണ്ടായി... വായിൽ കോലിട്ടു കുത്തിയാൽ കടിക്കാത്ത പട്ടിയും കടിക്കുമല്ലോ!

ബിഷപ്പിൻ്റെ ആവശ്യപ്രകാരം കോളെജിനെതിരെ ഊമക്കത്തുകളും പരാതികളുമയയ്ക്കുന്നവരെ പിടിക്കാനുള്ള ദൗത്യം ഗിരീഷ് സസന്തോഷം ഏറ്റെടുത്തു...മെത്രാനെ പ്രസാദിപ്പിക്കാമല്ലോ!

ആ ദൗത്യനിർവഹണത്തിനിടയിൽ ആൻറണിസാർ സ്വന്തനിലയ്ക്ക് UGCക്ക് എഴുതിയ പഴയ കത്തിൻ്റെ പകർപ്പ് ഗിരീഷ് കണ്ടെത്തി, ഇയാളാണ് ഇതെല്ലാം ചെയ്തതെന്ന് ബിഷപ്പിനെ തെര്യപ്പെടുത്തി! (വാസ്തവത്തിൽ മറ്റു രണ്ടു പേരാണ് ഊമക്കത്തുകളും പരാതികളും അയച്ചിരുന്നത്.)

ഇരയെ കിട്ടിയ സന്തോഷത്തതിൽ ബിഷ. ഡാനിയേൽ, മേലുകാവു കോളെജിനെ തകർക്കാനായി  കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് കോളെജിൻ്റെ (പാരലൽ) ഓണററി സെക്രട്ടറിയായി ആൻ്റണിസാർ പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള 6ഇന കുറ്റപത്രം നൽകി, 2019 ഏപ്രിൽ 23ന് പ്രൊഫ. ആൻ്റണിയെ സസ്‌പെൻ്റ് ചെയ്തു! ( ഈ കോളെജുകൾ തമ്മിൽ 55കി.മീ. അകലമുണ്ട്. സാറിൻ്റെ സഹോദരൻ തോമസ് കല്ലമ്പള്ളി MLA(മരിച്ചു), ഫാ. ആൻറണി നിരപ്പത്ത് എന്നിവർ ചേർന്ന് രൂപീകരിച്ച സൊസൈറ്റി ആരംഭിച്ചതാണ് ടി കോളെജ്. അങ്ങനെയാണ് നല്ല അധ്യാപകനും കല്ലമ്പള്ളി കുടുംബാംഗവുമായ ആൻ്റണി സാറിനെ ഓണററി(പ്രതിഫലം പറ്റാത്ത) സെക്രട്ടറിയായി നിയമിച്ചത്. സസ്‌പെൻഷനോടെ ഓണററി സെക്രട്ടറി സ്ഥാനം സാർ രാജിവെച്ചു. എൻ്റെയൊരു സുഹൃത്ത് ടി കോളെജിൽ അധ്യാപകനാണ്.  അയാൾവഴിയാണ് ഞാൻ ഈ സംഭവങ്ങൾ അറിയുന്നത്.)

ചതി മണത്ത ആൻ്റണി സാർ, VRS എടുത്തു പിരിഞ്ഞുകൊള്ളാമെന്ന് പറഞ്ഞെങ്കിലും മെത്രാനും കിങ്കരന്മാരും സമ്മതിച്ചില്ല.(വേണ്ടെന്ന് ഞാനും ഉപദേശിച്ചു...) തുടർന്ന് അന്വേഷണക്കമ്മീഷനെ നിയമിച്ചു. ആരോപണങ്ങൾ ദുർബലമായതിനാൽ നടപടി ബുദ്ധിമുട്ടാണെന്നും എടുക്കുന്ന നടടി നിലനിൽക്കില്ലെന്നും  പറഞ്ഞ് അയാൾ പിന്മാറി. 

പിന്നീട് അഡ്വ. ഹരിദാസിനെ നിയമിച്ചു. അയാൾ ജൂലൈയിൽ സിറ്റിംഗ് ആരംഭിച്ചു. ജൂലൈ 11ന് ബിഷ. ഡാനിയേൽ റിട്ടയറായി; ബിഷ. ഫ്രാൻസിസ് വന്നു. പുരോഹിതനായിരിക്കെ, അയാൾ ഉദാരമതിയുടെ മുഖംമൂടിയണിഞ്ഞിരുന്നതിനാൽ രക്ഷപെടുത്തുമെന്ന പ്രതീക്ഷയോടെ ആൻ്റണിസാർ പുറകെ നടന്ന് കാലുപിടിച്ചെങ്കിലും ഡാനിയേലിൻ്റെയും സഭാസെക്രട്ടറിയായ ഡോ. ജോസ് മോൻ ജോർജിൻ്റെയും സഭാരജിസ്ട്രാറായ അഡ്വ.(?) മാത്യു ജോസഫിൻ്റെയും കൈയ്യിലെ പാവയായി മാറിയ അയാളും നടപടി തുടർന്നു. സഭയിലെ ഒരു പ്രമുഖ സംഘടനയായ CSITA Stake holders Association പ്രസിഡൻ്റായ ശ്രീ. Jacob Mathew ഇടപെട്ട് പല CSI ബിഷപ്പമാരെക്കൊണ്ടും പറയിച്ചു... അയാൾ വഴങ്ങിയില്ല.

സെക്രട്ടറിയും രജിസ്‌ട്രാറും സർക്കാർ ജീവനക്കാരായതിനാൽ ഔദ്യോഗിക സഭാധികാരസ്ഥാനങ്ങളിൽ ചുമതല വഹിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതേ വിഷയത്തിൽ ഇരുവർക്കുമെതിരെ ഹൈക്കോടതിവിധിയുമുള്ളതിനാൽ KSR sectn. 67A പ്രകാരം നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്, JCC സെക്രട്ടറി ആയിരുന്ന ഞാൻ, സർക്കാരിന് പരാതി നൽകി. (ഇതാണ് JCCയുമായി ചേർന്ന് കോളെജിനെ തകർക്കാൻ ശ്രമിച്ചു എന്ന ആക്ഷേപത്തിനു കാരണം!)

 2019 ഒക്ടോബറിൽ സസ്‌പെൻഷൻ കാലാവധി നീട്ടാനായി മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചു. പക്ഷെ, പുനർനിയമനം നടത്തിയശേഷം നടപടി തുടരാമെന്നാണ് കോടതി നിർദ്ദേശിച്ചത്. അതനുസരിച്ച് സാറിനെ പുനർനിയമിച്ചെങ്കിലും ശമ്പളം കൊടുത്തില്ല. സസ്‌പെൻഷൻ കാലത്ത് അനുവദനീയമായ subsistence allowance പോലും കൊടുത്തില്ല.  സാറിനെ പരമാവധി കഷ്ടപ്പെടുത്തുകയാണ്! ഭാര്യയ്ക്ക് ജോലിയില്ല. 3 മക്കളും ഡിഗ്രി മുതൽ താഴേക്ക് വിദ്യാർഥികളാണ്. മറ്റ് വരുമാന മാർഗവുമില്ല. അലവൻസിനായി കേസു കൊടുക്കാൻ ഞാനുപദേശിച്ചെങ്കിലും ഇനിയും പ്രകോപനമുണ്ടാക്കി കൂടുതൽ ശത്രുതയുണ്ടാക്കണ്ട എന്നു പറഞ്ഞ് ആൻ്റണിസാർ സമവായത്തിന് ശ്രമിക്കുകയായിരുന്നു.

അന്വേഷണക്കമ്മീഷൻ ശുപാർശപ്രകാരം 2019 ഡിസം. 23ന് സർവീസിൽ ഡിസ്മിസ് ചെയ്തതായി കാണിച്ചുള്ള കത്ത് 23നു രാത്രി 8മണിക്ക് സാറിൻ്റെ വീട്ടിൽ സഭാ സെക്രട്ടറിയും രജിസ്ട്രാറും എത്തിച്ചുകൊടുത്തു. 

 കിട്ടിയ കത്ത് ഡിസ്മിസൽ ഓർഡർ ആണെന്നറിഞ്ഞപ്പോൾ മുതൽ കുട്ടികൾ നിലവിളി തുടങ്ങിയെന്നാണറിഞ്ഞത്. ഇനി ജീവിക്കണ്ടന്നാണ് ഭാര്യയും പറയുന്നതത്രെ! (സാറിന് 45ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി പറയപ്പെടുന്നു. സഹോദരിമാരുടെ വിവാഹം, സാറിൻ്റെ ചികിത്സാച്ചെലവ്... സാറിന് ഗുരുതരമായ ഒരപകടം സംഭവിച്ച് നടുവ് തകർന്നിരുന്നു. ഇപ്പോഴും സുഖമായിട്ടില്ല... ) 

സാറിൻ്റെ വീട്ടിൽ വല്ലാത്ത പിരിമുറുക്കമാണ്. മുസ്ലിം മതതീവ്രവാദികളാൽ കൈവെട്ടപ്പെട്ട പ്രൊഫ.T J ജോസഫിൻ്റെ ഭാര്യ സലോമിയെപ്പോലെ എന്തെങ്കിലും കടുങ്കൈ ചെയ്യുമോ എന്ന ഭയം സുഹൃത്തുക്കൾക്കുണ്ട്... 😪😥
 അവർ നിരന്തരം സാറിൻ്റെ വീടുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പറഞ്ഞത്. വാസ്തവത്തിൽ അവരാണ് എന്നെ ഇതിൽ ബന്ധപ്പെടുകയും ഇടപെടലിനു പ്രേരിപ്പിക്കുകയും ചെയ്യുന്നത്. 

നീതിയുടെ നിലാവെളിച്ചം സഭാധികാരികളുടെ തലയിൽ എന്നാണാവോ ഉദിക്കുന്നത്?




Posted by george at 19:59 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 27 December 2019

പുരോഹിതസൃഷ്ടിയായ മറ്റൊരു ദുരന്തംകൂടി കേരളം കാണേണ്ടിവരുമോ?


(പ്രൊഫ. ആന്റണി ജോസഫ് കല്ലമ്പള്ളിയും CSI സഭാനേതൃത്വവും)
ജോര്‍ജ് ജോസഫ് കാട്ടേക്കര
(നാലഞ്ചു മാസങ്ങള്‍ മുന്‍പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കുറിപ്പുകള്‍  ആന്റണി സാറിന്‍ പെന്‍ഷന്‍ പോലും ലഭ്യമാകില്ലാത്തവിധം സി.എസ്.ഐ. സഭാനേതൃത്വം കഴിഞ്ഞദിവസം ആന്റണിസാറിനെ പിരിച്ചുവിട്ട വാര്‍ത്ത കണ്ടപ്പോള്‍ പുനഃപ്രസിദ്ധീകരിക്കുന്നതാണ്.)
CSI കമ്പനിയിൽ അഴിമതി എന്നത് ഒരു വാർത്തയേ അല്ല. അതല്ല, അഴിമതിയിൽ ഏതു സഭയാണ് മോശമെന്ന ചോദ്യമാണ് കൂടുതൽ പ്രസക്തം. പക്ഷെ, മറ്റൊരാൾ നടത്തിയ അഴിമതിയുടെ പേരിൽ ഒരു നിരപരാധി ബലിയാടാക്കപ്പെടുന്നത് വാർത്തയാകേണ്ടതല്ലേ...?
ഒരു കോളജിനെ കൈപിടിച്ചുയർത്തിയ അധ്യാപകനെ വഴിയാധാരമാക്കാൻ CSI സഭാനേതൃത്വം കൊണ്ടുപിടിച്ച് ശ്രമിക്കുന്ന വാർത്ത അറിഞ്ഞിട്ട് കുറെ നാളുകളായി. 'സംഭവം പൊതുചർച്ചയാക്കി സഭയെ അപമാനിക്കണ്ട. അതിന്റെ പേരിൽ സ്ഥാപനവും മോശമാക്കപ്പെടേണ്ട; അങ്ങനെ സഭാനേതൃത്വത്തിനു തന്നോടുള്ള പക വർധിക്കുകയും വേണ്ട' എന്ന് ആ അധ്യാപകൻ അഭ്യർഥിച്ചത് മാനിച്ച് ഇതുവരെ ഞാൻ മൗനം പാലിക്കുകയായിരുന്നു. ഇനിയും കാത്തിരിക്കാനോ അങ്ങനെ സലോമിയുടേതുപോലെ ഒരു ദുരന്തത്തിനുകൂടി സാക്ഷ്യംവഹിക്കാനോ വയ്യാത്തതുകൊണ്ടു അദ്ദേഹത്തിന്റെ അനുവാദമില്ലാതെതന്നെ അതിവിടെ കുറിക്കുകയാണ്.
മേലുകാവ് Henry Baker CMS കോളജ് അറിയപ്പെടുന്നതുതന്നെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ പേരിലാണ്. വർഷങ്ങളായി റാങ്കും നൂറുശതമാനം വിജയവുമായി കോളജ് മുൻപന്തിയിലാണ്.
2007 മുതൽ 2014വരെ ആദ്യം ഭർത്താവും തുടർന്ന് 2014-16ൽ ഭാര്യയും പ്രിൻസിപ്പൽമാരായി ടി കോളെജിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇവർ ബിഷപ്പിനു വേണ്ടപ്പെട്ടവരായിരുന്നതിനാൽ ബിഷപ്പ് പറയുംപടി എന്തും ചെയ്തു കൊടുക്കുമായിരുന്നു എന്നാണ് കേൾവി...
അക്കാലത്ത് കോളജിന് ക്രിക്കറ്റ് ഗ്രൗണ്ടുൾപ്പെടെ ഇൻഡോർ സ്റ്റേഡിയത്തിനായി യു.ജി.സി. ഫണ്ട് അനുവദിച്ചുകിട്ടി-45ലക്ഷം രൂപ. മറ്റൊരു കൊളെജിൽ ഗ്രൗണ്ടുണ്ടാക്കിയതിന്റെ ചിത്രമൊക്കെവെച്ച് ഫണ്ട് വാങ്ങിച്ചെടുത്തു! പക്ഷെ, ഇൻസ്പെക്ഷനിലും ഓഡിറ്റിലും ഇതു കണ്ടുപിടിക്കപ്പെട്ടു. മാനേജ്മെൻ്റ് നല്ല മെയ് വഴക്കത്തോടെ കത്തുകളെയും പരിശോധനകളെയും മറികടന്നു. 2016ൽ പ്രസ്തുത പ്രിൻസിപ്പൽ റിട്ടയറായി. ഭൈമീകാമുകരായിരുന്ന പ്രിൻസിപ്പൽ സ്ഥാനമോഹികളെ മാനേജുമെന്റിന് താൽപര്യമില്ലായിരുന്നതിനാൽ സീനിയറും കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ HODയും അന്ന് മാനേജ്മെന്റിന്റെ കണ്ണിലുണ്ണിയുമായിരുന്ന പ്രൊഫ. ആന്റണി ജോസഫ് കല്ലമ്പള്ളിയെ ബിഷപ്പ് കെ. ജി. ഡാനിയേൽ (ഈ കോളെജിൻ്റെയും രൂപതയുടെയും സ്ഥാപനത്തിലും വളർച്ചയിലും നിർണായകപങ്കുവഹിച്ച ടി കോളേജിലെ ഒരു പ്രൊഫസർ, മാമോദീസയെക്കുറിച്ചുള്ള തൻ്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു ഗ്രന്ഥം രചിച്ചതിന്റെ പേരിൽ ടി ബിഷപ്പ് മരണാനന്തരശുശ്രൂഷ നൽകാതെയും സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കാതെയും അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വന്തം വീട്ടുമുറ്റത്തു സംസ്കരിക്കാൻ നിർബന്ധിതമാക്കിയതുവഴി കുപ്രസിദ്ധനായതാണ്. മാനനഷ്ടത്തിനും കൂദാശനിഷേധത്തിനുമെതിരെ വീട്ടുകാർ നൽകിയ ഹർജി അനുവദിച്ച് കോടതി 10ലക്ഷം രൂപ പിഴയടപ്പിച്ചതുവഴി മഹായിടവകയ്ക്ക് മാനഹാനിയും ധനനഷ്ടവും വരുത്തിവെച്ച് 'മഹാനായ' ആളാണ് ക്രിസ്തുവിന്റെ 'യഥാർഥ പ്രതിപുരുഷനായ' ടി ബിഷപ്പ്!) വിളിച്ച് പ്രിൻസിപ്പൽ ചാർജ് ഏറ്റെടുക്കണമെന്ന് അവശ്യപ്പെട്ടു... എന്നാൽ, കോളജിന്റെ സാമ്പത്തിക ബാധ്യത തന്റെ തലയിൽ പതിക്കുമെന്നും താനിപ്പോൾതന്നെ സാമ്പത്തിക ബാധ്യതയിലാണെന്നുള്ളതും ഭയന്ന് അദ്ദേഹം തന്റെ അനാരോഗ്യം (സ്കൂട്ടർ അപകടത്തിൽ നട്ടെല്ലിനു പരിക്കേറ്റെങ്കിലും തളർന്നു കിടക്കുമെന്ന അവസ്ഥയിൽനിന്ന് രക്ഷപെട്ടു. ഇപ്പോൾ അധികസമയം ഇരിക്കാനോ നടക്കാനോ കഴിയില്ല. നടക്കുമ്പോൾ വശം ചെരിഞ്ഞുമാത്രമേ നടക്കാനാവൂ എന്നതാണ് സ്ഥിതി!) ചൂണ്ടിക്കാണിച്ച് വിസമ്മതം അറിയിച്ചു. ഇത് ബിഷപ്പിനെ ചൊടിപ്പിച്ചു. എങ്കിലും DDO ആയി ചുമതലയേൽക്കാൻ ആവശ്യപ്പെട്ടത് ആന്റണിസാർ അംഗീകരിച്ചതിനാൽ തൽക്കാലം പിണങ്ങാതെ പിരിഞ്ഞു.
തുടർന്ന് മൂവാറ്റുപുഴ നിർമല കോളെജിൽനിന്നും പ്രൊഫ. ഡോ. ഗിരീഷ് എന്നയാളെ പ്രിൻസിപ്പലായി നിയമിച്ചു. ('ഞരമ്പുരോഗവിദഗ്ദ്ധൻ' ആയതിനാൽ കണ്ടംചെയ്യാൻ വെച്ചിരുന്ന മുതലിനെയാണ് ഇവർ ഏറ്റെടുത്തത്!). നിയമനം MGയൂണിവേഴ്സിറ്റി അംഗീകരിച്ചെങ്കിലും നടപടിക്രമം പാലിക്കാതിരുന്നിനാൽ കൂനിന്മേൽ കുരുപോലെ ഡിപ്പാർട്ട്മെന്റ്  ഒഫ് കൊളജ് സ്റ്റഡീസ് നിയമനം നിരസിച്ചു! കോടതിയിൽ പോയെങ്കിലും കോടതിയും നിയമനം തള്ളി! പിന്നീട് വകുപ്പിന് ക്ഷമാപണം എഴുതിക്കൊടുത്ത് അംഗീകാരം നേടിയെടുത്തുവത്രെ!
ഇതിനിടയിൽ മീനച്ചിലാറ്റിലൂടെ വളരെയധികം വെള്ളമൊഴുകിപ്പോയി...
നിയമനം നിരസിച്ച കോടതി ഉത്തരവിൽ ഒരു DDOയെ നിയമിച്ച് കോളെജിൻ്റെ അനുദിനപ്രവർത്തനം തടസപ്പെടാതെ കൊണ്ടുപോകണമെന്ന നിർദ്ദേശമുണ്ടായിരുന്നു. അതിൻപ്രകാരം പ്രൊഫ. ആൻ്റ
ന്റ്ണിയെ വീണ്ടും DDO ആക്കി!
ഇത് പ്രിൻസിപ്പൽ പ്രൊഫ.ഗിരീഷിന് വലിയ അപമാനമായി തോന്നി. ആൻ്റണിയ്ക്കെതിരെ 'കുറ്റം കണ്ടുപിടിച്ച്' 'യഥാവിധി' അറിയിച്ച് ബിഷപ്പിന്റെ പ്രീതി പിടിച്ചുപറ്റാനായി അദ്ദേഹം അഹോരാത്രം പണിയെടുത്തു. തന്റെ ഗവേഷണത്തിൽ ഒരു 'വജ്രായുധം' തന്നെ അദ്ദേഹം കണ്ടെത്തി-പ്രൊഫ. ആന്റണി കല്ലമ്പള്ളി 2016ൽ DDO ആയിരിക്കെ യു.ജി.സി.ക്ക് അയച്ച ഒരു കത്ത്! പ്രിൻസിപ്പൽ സ്ഥാനമോഹികളും അടങ്ങിയിരുന്നില്ല. ഊമക്കത്തുകൾ തലങ്ങുംവിലങ്ങും പറന്നു.

പ്രിൻസിപ്പൽ ഇല്ലാതിരിക്കെ, DDO മാത്രമായിരുന്ന പ്രൊഫ. ആന്റണി യു.ജി.സി.ക്ക് അയച്ച കത്തിന്റെ കണ്ടെടുത്ത പകർപ്പിൽ പ്രിൻസിപ്പൽ-ഇൻ-ചാർജ് എന്നവകാശപ്പെട്ടിരിക്കുന്നുവത്രെ! ഗുരുതരമായ അധികാരദുരുപയോഗമായി പ്രിൻസിപ്പൽ ഗിരീഷും ബിഷപ്പ് ഡാനിയേലും ഇതിനെ വ്യാഖ്യാനിച്ചു. വാസ്തവത്തിൽ കാര്യം മറ്റൊന്നായിരുന്നു. യു.ജി.സി. ഫണ്ട് തിരിമറിക്ക് വിശദീകരണം തേടിക്കൊണ്ട് UGC അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. ടി മറുപടിക്കത്തിൽ ഫണ്ട് കൈകാര്യം ചെയ്തത് മുൻ പ്രിൻസിപ്പലും മാനേജുമെന്റും ചേർന്നായിരുന്നതിനാൽ അവരാണ് ഉത്തരവാദികളെന്നും താൻ ഇപ്പോൾ DDOയും പ്രിൻസിപ്പൻ ഇൻ ചാർജും മാത്രമായതിനാൽ ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യത്തിൽ ഉത്തരവാദിയോ മറുപടി നൽകാൻ പ്രാപ്തനോ അല്ല എന്ന ഉള്ളടക്കമായിരുന്നു കാരണം. ഇതിന്റെ പേരിൽ ബിഷപ്പ് ആന്റണിസാറിനെ വിളി ച്ച് ശാസിക്കുകയും താൻ കോളജിനെ തകർക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കയാണല്ലേ എന്ന് ആക്ഷേപിക്കുകയും ചെയ്തു. മുൻ പ്രിൻസിപ്പൽ സഭയ്ക്ക് വേണ്ടപ്പെട്ടവർ (ബിഷപ്പിന് വേണ്ടപ്പെട്ട എന്നർഥം!) ആണെന്ന് അറിഞ്ഞുകൂടെ? അവർക്ക് ദോഷം വരുത്തിയിട്ട് തനിക്കു രക്ഷപെടാമെന്നാണോ? എന്നിങ്ങനെ പോയി ആക്ഷേപങ്ങൾ. കോളെജിനുവേണ്ടി മാത്രം ജീവിച്ച തന്നോട് ഇത്രയും ക്രൂരമായി സംസാരിക്കുന്നത് സഹിക്കാൻ കഴിയില്ലെന്നും താൻ കോളജിനെ തകർക്കാൻ ചെയ്ത ഒരു കാര്യം ചൂണ്ടിക്കാണിച്ചാൽ ജോലി ഉപേക്ഷിച്ചു പൊയ്ക്കൊള്ളാമെന്നും സാറ് പറഞ്ഞു. എന്താ വേണ്ടതെന്ന് ഞങ്ങൾ ആലോചിച്ച് ചെയ്തോളാമെന്ന് പറഞ്ഞ് ബിഷപ്പ് സാറിനെ തിരിച്ചയച്ചു.
കണ്ടെടുത്ത കത്തിന്റെ അടിസ്ഥാനത്തിൽ ഊമക്കത്തുകൾ മുഴുവൻ ആന്റണിസാറിന്റെതാണെന്ന മുൻവിധിയോടെയാണ് മാനേജ്മെന്റ് നിലപാടെടുത്തത്. യഥാർഥത്തിൽ കൊളെജിന്റെ പ്രശസ്തിക്കും പുരോഗതിക്കുമായി സ്വന്തം ശമ്പളത്തിന്റെ നല്ലൊരു പങ്ക് ആന്റണിസാർ ചെലവഴിച്ചിരുന്നതായി വിദ്യാർഥികളും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികഞെരുക്കമുള്ള കുട്ടികൾക്കു പാഠപുസ്തകവും നോട്ട്ബുക്കും യൂണിഫോമും വാങ്ങി നൽകുക, വിജയം ഉറപ്പാക്കാൻ സൗജന്യ ടൂഷൻ നൽകുക, ഭക്ഷണം നൽകുക, വീട്ടിൽവിളിച്ച് പഠനത്തെക്കുറിച്ച് അന്വേഷിക്കുക, പഠിക്കേണ്ട സമയത്ത് ഉറങ്ങുന്നവരെ വിളിച്ചെഴുന്നേൽപിച്ച് പഠിക്കാൻ പറയുക, സ്വന്തം പണംമുടക്കി കോളെജിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുക... എന്നിവയൊക്കെ അദ്ദേഹത്തിന്റെ ആത്മാർഥതയുടെ സാക്ഷ്യപത്രങ്ങളാണ്. മാത്രമല്ല, അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, ബിസിനസ് ദീപികയിലെ മോട്ടിവേഷണൽ കോളമിസ്റ്റ്, ഗ്രന്ഥകർത്താവ് ( വ്യക്തിത്വരുപീകരണം. തൊഴിൽപരിശീലനം, കരിയർ പരിശീലനം. . തുടങ്ങിയ 10പുസ്തകങ്ങൾ) എന്നിങ്ങനെ വിവിധമേഖലയിൽ പ്രഗത്ഭനാണ്.
എന്തായാലും ബിഷപ്പ് വാക്കു പാലിച്ചു- 2019ഏപ്രിൽ 25 തിയതിവെച്ച് സസ്‌പെൻഷൻ ഓർഡർ സാറിന് കൊടുത്തു...! 6 ഇന കുറ്റപത്രത്തിൽ പക്ഷെ, ഗുരതരമായ അധികാരദുർവിനിയോഗമായി വ്യാഖ്യാനിക്കപ്പെട്ട ടി കത്ത് ഒരു കുറ്റമായി പരാമർശിച്ചിട്ടില്ല! അതു ചർച്ചാവിഷയമാക്കിയാൽ കള്ളി പൊളിയുമല്ലോ!! അതിനാൽ പുതിയ കുറ്റങ്ങൾ കണ്ടുപിടിച്ചു! (കുറ്റപത്രത്തിന്റെ പകർപ്പ് ചുവടെ ഉണ്ട്.)
1. സെന്റ ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളെജ് എന്ന സ്വാശ്രയ കോളെജ് ഗ്രൂപ്പിന്റെ സെക്രട്ടറിയും ഗവേണിങ് ബോഡി മെമ്പറുമായി നടത്തിപ്പും ഭരണവും നടത്തുന്നു.
2. ഡോ. ആന്റണി ജോസഫ് എന്ന പേര് മറച്ചുവെച്ച് രക്ഷിതാക്കളെയും CMS കോളെജിനെയും എം.ജി. യൂണിവേഴ്സിറ്റിയെയും ഗവണ്മെൻ്റിനെയും വഞ്ചിക്കാനായി ടി സ്വാശ്രയസ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ബ്രോഷറുകളിലും 'ഡോ.ലാലിച്ചൻ കല്ലമ്പള്ളി' എന്ന പേരുപയോഗിച്ചിരിക്കുന്നു.
3 . പീരുമേട് സെൻ്റ് ആൻ്റണീസ് കോളെജിന്റെ ബോർഡ് മെമ്പറും നിക്ഷേപകനുമായി കരാറിലേർപ്പെട്ട് വരുമാനമുണ്ടാക്കുകയും ചെയ്യുന്നു.
4 . മേലുകാവ് കോളേജ് പ്രിൻസിപ്പലിന്റെയോ എഡ്യൂക്കെഷണൽ ഏജൻസിയുടെയോ അറിവോ സമ്മതമോ ഇല്ലാതെ പീരുമേട് സെന്റ ആന്റണീസ് കോളെജിൽ ടൂഷനും ക്ലാസും എടുക്കുകയും ചെയ്യുന്നു.
5. സെന്റ ആന്റണീസ് ഗ്രൂപ്പ് കോളേജിൽ ഒരു നിക്ഷേപകനും അതിൽനിന്ന് ലാഭമുണ്ടാക്കുന്നവനുമാണ്.
6. ടി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകവഴി, മേലുകാവ് കൊളെജിന്റെ താൽപര്യങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ താങ്കൾ ഏർപ്പെട്ടിരിക്കുന്നു.

മേൽപ്പറഞ്ഞ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവ ഗുരുതരമായ പെരുമാറ്റലംഘനവും(misconduct) എം.ജി. യൂണിവേഴ്‌സിറ്റിയുടെ ചട്ടങ്ങൾ(1997) അധ്യായം 45 ചട്ടം 19, UGC അധ്യാപകനിയമന നിയന്ത്രണം (2010)ലെ തൊഴിൽപരമായ സദാചാരകോഡിലെ (code of professional ethics) വ്യവസ്ഥ 17(IV)(ii) എന്നിവയുടെ ലംഘനവുമാണ്.  അതിനാൽ ഇവയ്ക്കെതിരെ എന്തെങ്കിലും മറുപടിയുണ്ടെങ്കിൽ 7ദിവസത്തിനുള്ളിൽ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്.
ആരോപണങ്ങൾക്ക് രേഖാമൂലം മറുപടിയുമായി ആന്റണിസാർ ബിഷപ്പ് ഹൗസിലെത്തി.
മറുപടി:


1. വാസതവമല്ല. സെന്റ്‌ ആന്റണിസ് ഗ്രൂപ്പ് ഓഫ് കോളെജിന് 3 സ്ഥാപനങ്ങളാണുള്ളത്. ഒരു അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ, ഒരു എൻട്രൻസ് കോച്ചിംഗ് സെന്റർ, ഒരു സ്വശ്രയ ആട്ട്സ് കോളെജ് എന്നിവ. ട്രസ്റ്റായി രജിസ്റ്റർ ചെയ്ത ടി ഗ്രൂപ്പിൽ ഒരു മികച്ച അധ്യാപകനെന്ന പരിഗണനവെച്ച് മാനേജ്മെന്റ താൽപര്യപ്രകാരം ഓണററി സെക്രട്ടറിയായി പ്രതിഫലമില്ലാതെ സഹകരിക്കുന്നുണ്ട്. മറ്റു ബന്ധങ്ങളില്ല.

2. നിഷേധിക്കുന്നു. നാട്ടിൽ അറിയപ്പെടുന്ന പേരാണ് ലാലിച്ചൻ സാർ എന്നത്. നാട്ടുകാർക്ക് സുപരിചിതമായ പേര് എന്നനിലയിലാണ് ആ പേരുതന്നെ നൽകിയത്. നാട്ടിലെ സ്ഥാപനത്തിന് വിശ്വാസ്യതയ്ക്ക് സഹായകമാകുമെന്ന കാരണത്താലാണ് ലാലിച്ചൻ എന്ന പേരു പരസ്യത്തിൽ നൽകാൻ തീരുമാനിച്ചത്.
3. തെറ്റായ പ്രസ്താവനയാണ്. ടി സ്ഥാപനങ്ങളിൽ യാതൊരുവിധ നിക്ഷേപങ്ങളോ മറ്റു പങ്കാളിത്തമോ തനിക്കില്ല. മാത്രമല്ല ആ സ്ഥാപനങ്ങൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
4. അടിസ്ഥാനരഹിതമായ ആരോപണമാണ്. അവിടെ മനേജ്മെന്റ ആവശ്യപ്പെടുന്നതനുസരിച്ച് അവധി ദിവസങ്ങളിൽ മോട്ടിവേഷണൽ ക്ലാസുകൾ നടത്തിക്കൊടുക്കാറുണ്ട്. അതിന് പ്രതിഫലം വാങ്ങാറില്ല. മുൻ ബിഷപ്പ് ഡോ. സാമുവേൽ പിതാവ് എനിക്ക് രേഖാമൂലം അനുമതി നൽകിയിരുന്നു. മേലുകാവ് മധ്യകേരള മഹായിടവകയുടെ ബുള്ളറ്റിനിൽ ആന്റണീസ് കോളെജിന്റ പരസ്യം നൽകണമെന്ന് രൂപതാധികാരികൾ ആവശ്യപ്പെട്ടതനുസരിച്ച് എന്റെ പേരുവെച്ചുള്ള പരസ്യം ബുള്ളറ്റിനിൽ നൽകിയിട്ടുള്ളതുമാണ്. ആന്റണീസ് കോളെജുമായുള്ള ബന്ധം പ്രിൻസിപ്പലും മാനേജ്മെന്റും അറിഞ്ഞില്ല എന്ന പ്രസ്താവന കളവാണ്.
5. തെറ്റ്. 3 ന്റ മറുപടി ഇതിനും ബാധകമാണ്.
6. സത്യവിരുദ്ധമാണ്, ശക്തിയായി നിഷേധിക്കുന്നു. എൻ്റെ കഴിവിനുമപ്പുറം മേലുകാവ് CMS കോളെജിനായി മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്. അവയുടെ അംഗീകാരമെന്ന നിലയിലാണ് ആൻ്റണീസ് കോളെജ് എന്നെ സഹകരിപ്പിക്കുന്നത്. പീരുമേട് ആൻ്റണീസ് കോളെജുമായി മേലുകാവ് CMS കൊളെജിന് 70 കീ.മീ. ദൂരമുണ്ട്. യാത്രാ ക്ലേശംമൂലമാവാം അവിടെനിന്ന് ഇങ്ങോട്ടോ ഇവിടെനിന്ന് അങ്ങോട്ടോ ഒരു കുട്ടിയും പഠനത്തിനായി പോകുന്നില്ല. യാത്രാക്ലേശംതന്നെ എനിക്കും ക്ലസെടുക്കാൻ പോകുന്നിന് തടസമാണ്.
ബിഷപ്പിനെ നേരിൽക്കണ്ട ആൻ്റണിസാർ എല്ലാറ്റിനും കൃത്യമായ വിശദീകരണം നൽകുന്ന ഈ കത്തു നൽകി. പക്ഷെ, ബിഷപ്പിന് വേണ്ടിയിരുന്നത് വിശദീകരണമല്ലായിരുന്നു. ആൻ്റണിയെന്ന ശത്രുവിൻ്റെ ജീവിതംതന്നെയായിരുന്നു എന്നത് അധികം വൈകാതെ പ്രൊഫ. ആൻ്റണിക്ക് ബോധ്യമായി. അപേക്ഷകൾക്കും തർക്കങ്ങൾക്കുമൊടുവിൽ VRS എടുത്ത് പൊയ്ക്കോളാമെന്ന് സാറ് പറഞ്ഞെങ്കിലും അതുപോലും ബിഷപ്പെന്ന ആ കശ്മലൻ അനുവദിച്ചില്ല!😥 ഉടൻ എൻക്വയറി കമ്മീഷനെ നിയമിക്കുകയാണ് അദ്ദേഹം ചെയ്തത്. #CSITA_പ്രകാരം_മാനേജരാവാൻ_കഴിയാത്ത_ബിഷപ്പ് #നിയമവിരുദ്ധമായി_മാനേജർ_എന്ന_അധികാരം_അവകാശപ്പെട്ട്_നടത്തിയ #പ്രിൻസിപ്പൽ_നിയമനവും_അച്ചടക്കനടപടിയും_അന്വേഷണക്കമ്മീഷനെ_നിയോഗിച്ചതും #അധികാരദുർവിനിയോഗമാണ്.
ബാക്കി വിവരിക്കുന്നതിനു മുൻപ് അൽപം ചരിത്രം പറയാനുണ്
നിരപ്പേൽ ആന്റണി അച്ചനെ ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിൽനിന്നും പുകച്ചു പുറത്തു ചാടിച്ചപ്പോൾ (അത് മറ്റൊരു സംഭവ പരമ്പരയാണ്) അച്ചന്റെ ഹൃദയവേദന തൊട്ടറിഞ്ഞ, സാറിന്റെ ജ്യേഷ്ഠനായ തോമസ് കല്ലമ്പള്ളി എം.എൽ.എ. മുൻകൈയെടുത്ത് തുടങ്ങിയതാണ് സെന്റ് ആന്റണീസ് എഡ്യൂക്കേഷണൽ ട്രസ്റ്റ്. ശ്രീ തോമസിന്റെ അകാലനിര്യാണത്തെത്തുടർന്ന് ട്രസ്റ്റിൽ അധികാരവടംവലി നടന്നു. ചിലർ ഫണ്ട് കൈയ്യിട്ടുവാരുകയും വെല്ലുവിളി നടത്തുകയും ചെയ്തതിനെത്തുടർന്ന് അതിന് നേതൃത്വം നൽകിയ അക്കാലത്തെ പ്രിൻസിപ്പലിനെയും അഡ്മിനിസ്റ്റ്രേറ്ററായിരുന്ന ജോസ് കൊച്ചുപുരയെയും ട്രസ്റ്റിൽനിന്ന് പുറത്താക്കി. അതിൽ തോമസിന്റെ അനുജനായ ആന്റണിസാറാണ് നിരപ്പേൽ അച്ചന് പിന്തുണ നൽകിയതെന്ന വിരോധം കൊച്ചുപുരയ്ക്കും പ്രിൻസിപ്പലിനും കെടാത്ത തീയായി അവശേഷിച്ചിരുന്നു. അങ്ങനെയിരിക്കെ വീണുകിട്ടിയ ഈയവസരം അവർ ആൻ്റണിസാറിനെതിരെ ശരിക്കും വിനിയോഗിച്ചു. ആൻ്റണിസാർ സാമ്പത്തിക തിരിമറി നടത്തിയതിനാൽ മേലുകാവ് കോളെജിൽനിന്ന് പുറത്താക്കപ്പെട്ടു എന്ന് ആന്റണിസാറിന്റെ നാടായ കാഞ്ഞിരപ്പള്ളിയിലാകെ അവർ പ്രചരിപ്പിച്ചു.
ഇത് ആന്റണിസാറിനെ വല്ലാതെ ഉലച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പിന്തുണ പ്രഖ്യാപിച്ച് സമരസന്നദ്ധരായെങ്കിലും സാറ് അവരെ പിന്തിരിപ്പിച്ചു. (ആ
ന്റെണിസാർ തന്റെ സസ്‌പെൻഷൻപോലും വിദ്യാർഥികളെ അറിയിക്കരുതെന്ന് സുഹൃത്തുക്കളെ ചട്ടംകെട്ടിയിരുന്നു. നാണക്കേടാണെന്നാണ് സാറിന്റെ  വാദം! പക്ഷെ, സംഭവം നാട്ടിൽ പാട്ടായതോടെ അവർ അറിയുകയായിരുന്നു!)

ഇതിനിടയിൽ കൊച്ചുപുര നൽകിയ ഊമപ്പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് പറയപ്പെടുന്നു സെൻ്റ് ആന്റണീസിൽ വിജിലൻസ് റെയ്ഡ് നടത്തി. പക്ഷെ, അവർ ഉദ്ദേശിച്ച ഫലമുണ്ടായില്ല. ബിഷ. ഡാനിയേലിന്റെ സഹോദരനായ പൊലീസ് SPയുടെ ഇടപെടലുമുണ്ടായി!
അന്വേഷണക്കമ്മിഷനോട് എത്രയുംവേഗം (ജൂലൈ12) റിപ്പോർട്ട് നൽകാനായിരുന്നു ബിഷ. ഡാനിയേൽ നിർദ്ദേശിച്ചിരുന്നത്... ജൂലൈ 10ന് അദ്ദേഹം റിട്ടയർ ചെയ്തുകഴിഞ്ഞ് പുതുതായി ചുമതല ഏൽക്കുന്ന തന്റെ പിൻഗാമിയെക്കൊണ്ട് ആന്റണിസാറിന്റെ 'തലവെട്ടാനു'മാണ് ബിഷ.ഡാനിയേലിന്റെ പദ്ധതി എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാനല്ലതാനും നീയില്ലാതെയും പോകട്ടേന്ന്!!
അന്വേഷണക്കമ്മീഷന്റെ 3സിറ്റിംഗുകൾ കഴിഞ്ഞു. കൊച്ചുപുരയും പ്രിൻസിപ്പലും മറ്റുമാണ് സാക്ഷികൾ!🙃 പിരിച്ചുവിടാനുള്ള സർവസാധ്യതകളും ആരായണമെന്നാണ് കമ്മീഷനു നൽകിയിരിക്കുന്ന നിർദ്ദേശമെന്നറിയുന്നു. ദുർബലമായ ആരോപണങ്ങൾവെച്ചുകൊണ്ട് അതു സാധ്യമല്ലെന്നതിനാൽത്തന്നെ ആദ്യം കമ്മീഷനായി നിയമിച്ച അഡ്വ. പിന്മാറിയിരുന്നു. രണ്ടാമതു നിയമിച്ച അഡ്വ. C.A. ഹരിദാസാണ് ആരാച്ചാരായി വന്നിരിക്കുന്നത്. ഒഴിവു വരുന്ന ഈ പോസ്റ്റിലെ നിയമനത്തിന് 50-60 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചതായി പറയപ്പെടുന്നു!
സാറിനെ പിരിച്ചുവിട്ടാൽ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് കരയുന്ന ഭാര്യയും ഒപ്പം കരയുന്ന മക്കളും... മാനസികമായി തകർന്ന സാറിന് ആശ്വാസം പകരാനാവാതെ കുഴങ്ങുന്ന സുഹൃത്തക്കളും... നേരിൽക്കണ്ടതിന്റെ വീർപ്പുമുട്ടൽ എന്നെപ്പോലും മഥിക്കുകയാണ്. (അദ്ദേഹത്തിൻ്റെയും എൻ്റെയും സുഹൃത്തായ ഒരു നല്ല മനുഷ്യൻ എന്നോട് പങ്കുവെച്ചതാണ് ഈ വിവരങ്ങൾ. ഒരു ദിവസം വൈകിട്ട് അദ്ദേഹം എന്നെ വിളിച്ച് അടിയന്തിരമായി ആൻ്റണിസാറിന്റെ അടുത്ത് പോകണം; അദ്ദേഹമാകെ പ്രശ്നത്തിലാണ്.... ഒന്നു സംസാരിക്കണം... എന്നു പറഞ്ഞതനുസരിച്ച് ഞാൻ സാറിന്റെ വീട്ടിൽ പോയതാണ്.)
എൻ്റെ ബന്ധുവോ സുഹൃത്തോ പരിചയക്കാരനോ പോലുമല്ല അദ്ദേഹം. ഇപ്പോൾ പക്ഷെ അദ്ദേഹം എനിക്ക് ആരെല്ലാമോ ആണ്...

സാധാരണവീടുകളിൽ അനുഭവപ്പെടാത്ത കട്ടിപിടിച്ച നിശബ്ദതയിലേക്ക് കയറിച്ചെന്ന ഞങ്ങളെ കണ്ട് 4 പേർ പ്രതീക്ഷാനിർഭരമായി തലനീട്ടി.. സാറിന്റെ ഭാര്യയും പറക്കമുറ്റാത്ത 3 മക്കളും...
ആ നിശ്ശബ്ദതയെ ഞാൻതന്നെ ഭഞ്ജിച്ചു. ക്ഷേമന്വേഷണങ്ങളോടെ ...
തുടർന്ന്
'അടിസ്ഥാനരഹിതവും ദുർബലവുമായ ആരോപണങ്ങൾ കോടതിയിൽ നിലനിൽക്കില്ല. സാറിന് വെറുതെയിരുന്ന് ഇനിയുള്ള 3വർഷത്തെ ശമ്പളം മേടിക്കാം.(ഇനിരണ്ടരവർഷമേ സർവീസ് ബാക്കിയുള്ളു) പിന്നെന്തിനാണ് സാറ് വിഷമിക്കുന്നത്... സത്യത്തിൽ, ഇത്തരം അനാവശ്യ നടപടികൾക്ക് മാനേജുമെൻ്റിൽനിന്ന് ശമ്പളം ഈടാക്കുന്നതിനുപുറമെ, നല്ലൊരുസംഖ്യ പിഴയീടാക്കാനുള്ള വകുപ്പുകൂടി നിയമത്തിൽ വേണ്ടതാണ്. എന്നൊക്കെ ധൈര്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ മറുചോദ്യം- 'ഇത്രയും കഷ്ടപ്പെട്ടിട്ടും എന്നെ ദ്രോഹിക്കാൻ ഇവർക്കെങ്ങനെ മനസുവരുന്നു? ഇനി കിട്ടുന്ന ശമ്പളംകൊണ്ട് കടമുള്ളത് വീട്ടണം എന്നു കരുതിയിരുന്നതാ. അതുപോട്ടെ, ഈ അപമാനം എത്ര പണം കിട്ടിയാലും മാറുമോ?'

കുറ്റം ചെയ്തു ശിക്ഷ വാങ്ങിയാലല്ലേ അപമാനം? ഇതിൽ എന്ത് അപമാനം? പുരോഹിത തിന്മയ്ക്ക് മറ്റൊരു ഉദാഹരണംകൂടിയായി അത്രതന്നെ...ഞാൻ.
'കുറ്റം ചെയ്തിട്ട് ശിക്ഷ കിട്ടിയാൽ എനിക്ക് സങ്കടമില്ലായിരുന്നു... ഇത്...' അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞു.
'പേടിക്കണ്ട സാറെ, ഞങ്ങളൊക്കെ കൂടെയുണ്ട്' എന്നു പറഞ്ഞ് രാതി 10മണിയോടെ ഞങ്ങളിറങ്ങുമ്പോൾ ഞങ്ങൾക്കു പിന്നിൽ 8 നനഞ്ഞ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു... എന്നെ ഭയപ്പെടുത്തിക്കൊണ്ട്, ക്ഷേമാന്വേഷണങ്ങൾക്ക് മറുപടി പറയാൻപോലും കഴിയാത്തത്ര ദുർബലരായി...
എന്നെക്കൊണ്ട് സാധിക്കുന്നവിധത്തിൽ ഇടപെടൽ നടത്തുകയും അങ്ങനെ, CSI സഭയിലെ ഒരു പ്രമുഖ വ്യക്തി വഴി ബിഷ. ഡാനിയേൽ, ബിഷ. സാമുവേൽ, മറ്റു രണ്ടു ബിഷപ്പുമാർ എന്നിവരോട് സംസാരിച്ച് പരിഹാരമാർഗം തേടിയെങ്കിലും ബിഷ. ഡാനിയേൽ വഴങ്ങാൻ തയ്യാറായില്ല. പിൻഗാമി ബിഷപ് ഫ്രാൻസിസ്, വൈദികനായിരിക്കെ കുറെയൊക്കെ മനുഷ്യത്വവും നീതിബോധവും പ്രകടിപ്പിച്ചിരുന്നു എന്നതിനാൽ അദ്ദേഹത്തിലാണ് ആന്റണിസാറിന്റെ പ്രതീക്ഷ...
അദ്ദേഹവും കൈവിട്ടാൽ... പുരോഹിതസൃഷ്ടിയായ മറ്റൊരു ദുരന്തംകൂടി കേരളം കാണേണ്ടിവരുമോ എന്ന ഞങ്ങളുടെ ഭയം യാഥാർഥ്യമാവരുതേ എന്ന ഒരാഗ്രഹം എനിക്കു ബാക്കിയുണ്ട്... (ശേഷംഭാഗം യഥാസമയം അറിയിക്കുന്നതാണ്)







Posted by george at 14:29 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, 20 September 2012

കത്തോലിക്കരുടെ അച്ചന്‍പേടി


                                                         ജോയ് പോള്‍ പുതുശ്ശേരി

           പണ്ടത്തെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ 'പുലപേടി', 'പറപേടി' എന്നിങ്ങനെ പലതരം പേടികള്‍ നിലവിലുണ്ടായിരുന്നു. കാലപ്രവാഹത്തില്‍ സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസവും ശാസ്ത്രബോധവും പ്രചുരപ്രചാരം നേടിയപ്പോള്‍ അന്ധവിശ്വാസജടിലവും അടിസ്ഥാനരഹിതവുമായ ഇത്തരം ഭയങ്ങള്‍ ജനങ്ങളെവിട്ട് അകന്നുപോയി. എന്നാല്‍ കത്തോലിക്കാവിശ്വാസികളെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു പേടി നിലവിലുണ്ട്, അച്ചന്‍ പേടി. ളോഹയിട്ട പുരോഹിതന്മാരെ കണ്ടാല്‍ കത്തോലിക്കരുടെ മുട്ടുവിറയ്ക്കും. പുരോഹിതരുടെ മുഖം കറുത്താല്‍ അവരുടെ അടിവസ്ത്രം നനയും. കത്തോലിക്കര്‍ ധീരരായ ചാരുകസേര വിമര്‍ശകരാണ്. പുരോഹിതരില്‍നിന്ന് ചെവിപ്പാട് അകലത്തില്‍ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിന്റെ അകത്തളങ്ങളില്‍ ചാരുകസേരയില്‍ അമര്‍ന്ന്കിടന്ന് പുരോഹിതരെ എത്രവേണമെങ്കിലും വിമര്‍ശിക്കാന്‍ അവര്‍ ധൈര്യം കാണിക്കും. പത്തുപേര്‍ ഒത്തുകൂടുന്ന കല്ല്യാണവീട്ടിലൊ മരണവീട്ടിലൊ ചെന്നാലും പുരോഹിതരാരും കേള്‍വിവട്ടത്തിലില്ലെങ്കില്‍ മുഖ്യസംഭാഷണവിഷയം പുരോഹിതവിമര്‍ശനമാകും. എന്നാല്‍ അവര്‍ ഇരിക്കുന്ന മുറിയില്‍ ഒരു പുരോഹിതന്റെ സാന്നിധ്യം വേണ്ട ളോഹ തൂക്കിയിട്ടാല്‍മാത്രം മതി ഇക്കൂട്ടരുടെ നാവ് തൊണ്ടവഴി താഴേക്ക് ഇറങ്ങിപ്പോകും. 
           കത്തോലിക്കരൊഴിച്ച് മറ്റൊരു മതവിഭാഗത്തിനും അവരുടെ പുരോഹിതരോടൊ പൂജാരിമാരോടൊ ഇത്തരം ഭയവികാരമില്ല. കത്തോലിക്കര്‍ ഉള്‍പ്പടെ എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിതരേയും പൂജാരിമാരേയും വിശ്വാസികള്‍ക്കുവേണ്ട പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ വേതനം കൊടുത്ത് നിയമിച്ചിട്ടുള്ളവരാണ്. മറ്റൊരു മതത്തിലും വിശ്വാസികളെ പുരോഹിതര്‍ കയറി ഭരിക്കാറില്ല. അതിന് അവരെ അനുവദിക്കാറുമില്ല. എന്നാല്‍ കത്തോലിക്കരില്‍ ശാന്തിക്കാരന്‍ ഊരായ്മക്കാരനായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നുത്. ളോഹയിട്ടവരാണെന്ന ഹുങ്കില്‍ അവര്‍ വിശ്വാസികളെ അടക്കിവാഴുന്നു. ളോഹയിട്ടവര്‍ക്ക് സാധാരണ വിശ്വാസികളെക്കാള്‍ ആറു മീറ്റര്‍ തുണിയുണ്ടെന്നതൊഴികെ പ്രത്യേക മേന്മയൊന്നുമില്ല. ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സില്‍ ഉന്നതമാര്‍ക്കോടെ വിജയം വരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം നടത്തി ഡോക്ടറൊ, എഞ്ചിനിയറൊ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരൊ, കോളജ് അധ്യാപകരൊ, കമ്പനി മേലധികാരികളൊ, വിവര സാങ്കേതിക വിദഗ്ധരൊ ആയിത്തീരുന്നു. കഷ്ടിച്ച് 35 ശതമാനം മാര്‍ക്കോടെ പത്താംതരം കടന്നുകൂടുന്നവരുടെ മുമ്പില്‍ ഇത്തരം വഴികളൊന്നുമില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥയുള്ള കുടുംബങ്ങളില്‍പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പലവ്യഞ്ജനക്കടയിലെ ജോലിയൊ കൈത്തൊഴിലുകളൊ സ്വീകരിച്ച് ജീവിക്കേണ്ടിവരുന്നു. മൂന്നു നേരം തികച്ച് ഭക്ഷണം കഴിക്കാനൊ, ഭംഗിയായ വസ്ത്രങ്ങള്‍ ധരിക്കാനൊ വീട്ടിലെ ദാരിദ്ര്യം ഇവരില്‍ മിക്കവരേയും അനുവദിക്കുന്നില്ല. കത്തോലിക്കരായ ഇത്തരക്കാര്‍ക്ക് പിന്നെ ലഭിക്കാവുന്ന ഏറ്റവും മാന്യമായ തൊഴിലാണ് പുരോഹിതവൃത്തി. സുഭിക്ഷമായ ആഹാരവും മറ്റു ജീവിതസൗകര്യങ്ങളുമാണ് അവരെ അവിടെ കാത്തിരിക്കുന്നത്. ഇത്തരക്കാര്‍ പിന്നീട് 'റവ. ഡോക്ടര്‍'മാരായി വിശ്വാസികളെ ഭരിക്കാനെത്തുന്നു. വിശ്വാസികള്‍ അവരുടെ മുന്നില്‍ ഓച്ഛാനിച്ച് വാക്കൈപൊത്തി നില്‍ക്കുകയും മുട്ടിലിഴയുകയും കൈമുത്തുകയും ചെയ്ത് വണങ്ങുന്നു. കോടാനുകോടി വരുന്ന വിശ്വാസികളുടെ സമ്പത്ത് ആരോടും കണക്കുബോധിപ്പിക്കാതെ ഇഷ്ടാനുസരണം ചെലവഴിക്കാനുള്ള അവകാശവും പുരോഹിതരാകുന്നതോടെ ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നു. വിശ്വാസികളുടെ ചെലവില്‍ നല്ലൊരു ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതില്‍ ഞങ്ങള്‍ എതിരല്ല. എന്നാല്‍ വിശ്വാസികളുടെ പണത്തിന്റെ ബലത്തില്‍ വിശ്വാസികളുടെ തലയില്‍ കയറിയിരുന്ന് നിരങ്ങുകയും അവരെ അടിമകളാക്കി കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കുകയും ചെയ്യുന്നതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. 
ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം അവശ്യം അവശ്യമായി കരുതപ്പെടുന്ന മാമോദീസാ, വിവാഹം, ശവസംസ്‌കാരം തുടങ്ങിയ കര്‍മ്മങ്ങള്‍ നിഷേധിക്കപ്പെടുമൊ എന്നുള്ളതാണ് കത്തോലിക്കരുടെ പുരോഹിതരോടുള്ള ഭയത്തിന്റെ അടിസ്ഥാനം. ഇത്തരം കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നടത്തിക്കൊടുക്കുവാനാണ് പള്ളികള്‍ തോറും പുരോഹിതരെ ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുള്ളത്. ഇത്തരം കര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കേണ്ടത് പുരോഹിതന്റെ കര്‍ത്തവ്യമാണ്. ഇല്ലെങ്കില്‍ അത് കര്‍ത്തവ്യവിലോപമാണ് (dereliction of duty). സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ കര്‍ത്തവ്യവിലോപത്തിന് അച്ചടക്കനടപടി നേരിടേണ്ടി വരുമായിരുന്ന കുറ്റം. എന്നാലും ഇത്തരം ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.
             ഏതെങ്കിലും പുരോഹിതന്‍ വിശ്വാസിക്ക് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചാല്‍ അയാളുടെ ബന്ധുക്കള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 297 വകുപ്പ് പ്രകാരം പുരോഹിതനെതിരെ ക്രിമിനല്‍ കേസ് കൊടുക്കാന്‍ അവകാശമുണ്ട്. കേസ് തീരുമാനമാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കാതെവെക്കാന്‍ കഴിയില്ലല്ലൊ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. തല്‍ക്കാലം മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുക. പിന്നീട് മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനെക്കൊണ്ടുതന്നെ പൊതുശ്മശാനത്തില്‍നിന്ന് മൃതാവശിഷ്ടങ്ങള്‍ മാന്തിയെടുപ്പിച്ച പള്ളിസെമിത്തേരിയില്‍ മതാചാരങ്ങളൊടെതന്നെ പുനഃസംസ്‌കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പുപറയുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പ്രസ്താവന നടത്തുന്നത്. കൊച്ചി സാന്താക്രൂസ് ഇടവകയിലെ ചെലവന ജോസഫിന്റെ മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനുണ്ടായ അനുഭവം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.
ഒരു പാവം വികലാംഗനായിരുന്നു ചെലവന ജോസഫ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയില്‍നിന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു അയാള്‍. ഇടവകപുരോഹിതന്റെ അനിഷ്ടത്തിന് പാത്രമായ ചെലന ജോസഫിന്റെ മരണാനന്തരം മൃതശരീരം പള്ളിസെമിത്തേരിയില്‍ അടക്കാന്‍ വികാരി വിസമ്മതിച്ചു. ബന്ധുക്കള്‍ക്ക് മനോവേദനയോടെ മൃതശരീരം കോര്‍പറേഷന്‍വക പൊതുശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടിവന്നു. ഇതിനെതുടര്‍ന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്റെ സഹായസഹകരണങ്ങളോടെ ബന്ധുക്കള്‍ വൈദികനെതിരെ കേസ് ഫയല്‍ ചെയ്തു. ഈ കേസിലെ വിധി താഴെ പറയും പ്രകാരമായിരുന്നു. 1. മൃതാവശിഷ്ടങ്ങള്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍ പൊതുശ്മശാനത്തില്‍നിന്ന് കുഴിച്ചെടുത്ത് എല്ലാവിധ മതാചാരങ്ങളോടുംകുടി പള്ളിസെമിത്തേരിയില്‍ കൊണ്ടുവന്ന് സംസ്‌കരിക്കണം. 2. പരേതന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപായും കേസിന്റെ ചെലവും പുരോഹിതന്‍ നല്‍കണം. (ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപാ മാത്രമായതിനാലാണ് ഈ കുറഞ്ഞ തുക അനുവദിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ കൂടുതല്‍ തുകക്ക് അര്‍ഹതയുണ്ടെന്നുംകൂടി കോടതി വിധിയില്‍ പ്രസ്താവിച്ചിരുന്നു.) 3. പരേതന്റെ ബന്ധുക്കള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും മതപരമായ എല്ലാ കര്‍മ്മങ്ങളും പുരോഹിതന്‍ നടത്തിക്കൊടുക്കണം. പൊതുശ്മശാനത്തില്‍ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നിടത്ത് സന്നിഹിതനാവുന്നതിന്റെ അപമാനത്തില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്‍ നേതാക്കളുടെ കാലില്‍വീണ് പുരോഹിതന്‍ അപേക്ഷിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍തന്നെ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് വിലാപയാത്രയായി പള്ളിസെമിത്തരിയില്‍ കൊണ്ടുവന്ന് സഭാപരമായ മൃതശുശ്രൂഷ നടത്തി സംസ്‌കരിച്ചു. ഈ സംഭവങ്ങള്‍ അന്ന് ടി.വി. ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തരം ദുരനുഭവം ഏതെങ്കിലും കത്തോലിക്കാകുടുംബത്തിന് ഉണ്ടായാല്‍ കേരള കാത്തലിക് ഫെഡറേഷന്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
           വിവാഹകര്‍മ്മത്തില്‍ വധുവരന്മാരാണ് കാര്‍മ്മികര്‍. പുരോഹിതന്‍ മുഖ്യസാക്ഷി മാത്രം. വരനും വധുവും സംയുക്തമായി ആവശ്യപ്പെട്ടാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് പുരോഹിതന്‍ കടപ്പെട്ടവനാണ്. പ്രസ്തുത നിയമപ്രകാരം പുരോഹിതന് വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരിയെന്ന (Registering Authority) പദവിയുണ്ട്. വിവാഹം പള്ളിയില്‍ രജിസ്റ്റര്‍ചെയ്തു നല്‍കാന്‍ പുരോഹിതന്‍ വിസമ്മതിച്ചാല്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. മറ്റു കൂദാശകളും കത്തോലിക്കാ വിശ്വാസികളുടെ മൗലികാവകാശമാണ്. ഏതെങ്കിലും പുരോഹിതന്‍ അവ നിഷേധിച്ചാല്‍ മൗലികാവകാശധ്വംസനത്തിന് കേസ് കൊടുക്കാന്‍ അവകാശമുണ്ട്. വിശ്വാസികളുടെ പണം ഉപയോഗിച്ചുതന്നെ വിശ്വാസികള്‍ക്കെതിരെ കേസ് നടത്തിക്കാനുള്ള സൗകര്യവും തങ്ങള്‍ കൈകാര്യംചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ അളവറ്റ സമ്പത്തുകൊണ്ട് നിയമത്തേയും നിയമസംവിധാനങ്ങളേയും വിലക്കെടുക്കാനുള്ള പ്രാപ്തിയും പുരോഹിതര്‍ക്കുണ്ടെങ്കിലും മിക്കപ്പോഴും നീതിനടപ്പാവുമെന്നുതന്നെയാണ് എന്റെ അടിയുറച്ച വിശ്വാസം. ഇത്തരത്തില്‍ പുരോഹിതര്‍ക്കെതിരെ നിയമത്തിന്റെ ശരശയ്യ തീര്‍ത്താല്‍മാത്രമേ സഭയില്‍ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആത്മാഭിമാനം നിലനിര്‍ത്താനും കഴിയുകയുള്ളു. ഇക്കാര്യത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളും.
Posted by george at 20:55 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 6 April 2012

വിദേശ രാഷ്ട്രത്തലവന് 17.22 ഏക്കര്‍ സര്‍ക്കാര്‍ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനം.




തൃശ്ശൂര്‍: തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്, സെന്റ് മേരീസ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നീ മൂന്ന് കത്തോലിക്കാസ്ഥാപനങ്ങള്‍ക്ക് 17.22 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ 2012 ഫെബ്രുവരി 15-ാം തിയതിയിലെ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തിനെതിരെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ കേരളീയരും പ്രതിഷേധിക്കേണ്ടതാണെന്ന് ഇന്നു ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്റെ യോഗം അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിന്റെ ഈ ദാനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് വിദേശ രാഷ്ട്രത്തലവനായ റോമിലെ മാര്‍പ്പാപ്പയാണ്. മാര്‍പ്പാപ്പ 1991ല്‍ വത്തിക്കാനില്‍ രൂപംകൊടുത്ത പൗരസ്ത്യ കാനോന്‍ അനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ സീറോമലബാര്‍ റീത്തില്‍ ഉള്‍പെട്ട കത്തോലിക്കാ പള്ളികളുടേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, സ്വത്തുക്കളുടെയും ഭരണാധികാരിയും കാര്യസ്ഥനും മാര്‍പ്പാപ്പയാണ്. അദ്ദേഹം നിയമനിര്‍മ്മാണ, നിയമനിര്‍വഹണ, നിയമവ്യാഖ്യാനാധികാരങ്ങളോടെ നിയമിക്കുന്ന മെത്രാന്മാരിലൂടെയാണ് ഈ സ്വത്തുക്കള്‍ ഭരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ ഭൂമിയുടെ ദാനം അനുഭവിക്കാനുള്ള അവകാശം വിദേശ രാഷ്ട്രത്തലവനായ മാര്‍പ്പാപ്പക്കും അദ്ദേഹത്തോട് വിധേയത്വം പ്രക്യാപിച്ചിട്ടുള്ള മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും മാത്രമാണ്. 99.9% വരുന്ന വിശ്വാസികള്‍ക്ക് ഈ സ്വത്തില്‍ അവകാശമൊ, ഭരണാധികാരമൊ ഇല്ല. ഇത് കേരള ഗവണ്‍മെന്റിനെ പലപ്രാവശ്യം അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ പരിഹാരമായേക്കാവുന്ന ഒരു കരട് ബില്‍ 2009ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് 15 ഏക്കര്‍ 47 സെന്റ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളജിന്, ഏക്കര്‍ 19 സെന്റ്, തൃശ്ശൂര്‍ സെന്റ് മേരീസ് കോളജിന് 55.7 സെന്റ് ഇവയുള്‍പ്പടെ സെന്റിന് ലക്ഷക്കണക്കിന് വിലയുള്ള 17 ഏക്കര്‍ 22 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പതിച്ച് നല്‍കിയിരിക്കുന്നത്. ഈ നടപടിക്കെതിരെ മുഴുവന്‍ ദേശസ്‌നേഹികളേയും അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് യോഗം പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി വി. കെ. ജോയ്, ജോയിന്റ് ക്രസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, ആന്റണി ചിറ്റാട്ടുകര, സി.എ. രാജന്‍, ബി.സി. ലോറന്‍സ്, സി. സി. ജോസ്, പോള്‍സന്‍ കൈപ്പമംഗലം എന്നിവര്‍ പ്രസംഗിച്ചു.

വി.കെ. ജോയ്,
ജനറല്‍ സെക്രട്ടറി.
കേരള കാത്തലിക് ഫെഡറേഷന്‍
മൊ: 9447037725
Posted by george at 07:24 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, 1 February 2012

'via Blog this'
http://www.malayalamvarikha.com/2012/January/27/essay1.
Posted by george at 21:32 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

നവമുഖന്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രൊഫ. സി പി റോയിയുടെ നിലപാട്

നവമുഖന്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രൊഫ. സി പി റോയിയുടെ നിലപാട്:

'via Blog this'
Posted by george at 21:30 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Posts (Atom)

Followers

Blog Archive

  • ▼  2019 (2)
    • ▼  December (2)
      • ഡോ. ആൻ്റണി കല്ലമ്പള്ളി മറ്റൊരു പ്രൊഫ T J ജോസഫാകുമോ!
      • പുരോഹിതസൃഷ്ടിയായ മറ്റൊരു ദുരന്തംകൂടി കേരളം കാണേണ്ട...
  • ►  2012 (4)
    • ►  September (1)
    • ►  April (1)
    • ►  February (2)

About Me

My photo
george
View my complete profile
Awesome Inc. theme. Powered by Blogger.